ഗോപിയുടെ സ്വര്‍ഗം
ചെറു കഥ : ഗോപിയുടെ സ്വര്‍ഗം
രചന : ബിനു വെണ്മണി
അമ്മ കട്ടൻ ചായ ഇട്ടു കൊടുത്തു. ഉറക്കത്തിന്റെ ലാസ്യതയോടെ പത്രം
കൊടുക്കാൻ വേണ്ടി ഗോപി വീട്ടില്‍ നിന്നിറങ്ങി.
ഡാ.. ഗോപി. തിരിച്ചു വരുമ്പോ കുറച്ചു ഗോതമ്പ് പൊടി മേടിച്ചോണ്ടു
വരണം അല്ലാതെ ഇവിടെ ഒന്നുമില്ല ഒണ്ടാക്കി തരാൻ,
ഓ ശരി ... അമ്മ വിളിച്ചു പറഞ്ഞത് കേട്ട് ഗോപി ഇറങ്ങി
വെളുപ്പാൻ കാലം നാലുമണി കഴിഞ്ഞതേയുള്ളൂ , ചെറിയ കാറ്റുണ്ട്.
ആകാശത്തേക്ക് നോക്കി. നക്ഷത്രം ഒന്നും കാണാന്‍ ഇല്ല മഴ പെയ്യാനും
പെയ്യാതിരിക്കാനും സാധ്യത ഉണ്ട്. സൈക്കളിന്റെ ഡൈനാമോ ആണേൽ
മെഴുകുതിരിടെ വെട്ടം പോലും ഇല്ല. പത്രം ഇട്ടതിന്റെ കാശ് കഴിഞ്ഞ
മാസത്തേയും തന്നിട്ടില്ല, നൂറു പത്രം ഇടുന്നതിനു മുന്നൂറു രൂപയാ തരുന്നത്
അത് പോലും സമയത്ത് കിട്ടാനില്ല, ഈ മാസത്തെ കാശ് കിട്ടിയിട്ട് വേണം
ഗോപാലൻ ചേട്ടന്റെ സൈക്കിള് കടയിൽ കൊണ്ട് പോയി ഇതൊന്നു കൊടുത്ത്
നന്നാക്കാൻ, ആരോട് പറയാൻ , ആര് കേൾക്കാൻ.
ഇരുട്ടുള്ള വഴിയിൽ കൂടെ പോകുന്നതിനു ഗോപിക്കല്‍പ്പം പേടി ഉണ്ട്,
വൈദുതി അധികം എത്തിയിട്ടില്ലാത്ത സ്ഥലം ആണ്. കറണ്ട് കിട്ടത്തതല്ല
ജോൺ സാറിന്റെ വസ്തുവിന്റെ അരികത്തു കൂടി വേണം പോസ്റ്റിടാൻ.
അല്പം വഴി ചോദിച്ചിട്ടു തരാത്ത പുള്ളികളാ പിന്നാ അവിടെ പോസ്റ്റിടാൻ
അനുവാദം കൊടുക്കുന്നത്. വലിയ സാറാ എന്നൊക്കെ പറഞ്ഞിട്ട് എന്താ കാര്യം ?
മതിലിൽ വലുതായി എഴുതി വെച്ചിട്ടുണ്ട് “ദൈവം സ്നേഹം ആകുന്നു” എന്ന്.
ഒന്നും പറയണ്ട, എല്ലാവരും വിശ്വാസികള്‍ അല്ലെ വിശ്വാസികള്‍
കവലയിലേക്കു പോകുന്ന വഴിക്ക്, പണ്ട് ഒരാള് തൂങ്ങി ചത്ത ഒരു വലിയ പ്ലാവ് ഉണ്ട് ,
ഈ കൊച്ചുവെളുപ്പാൻ കാലം അതുവഴി പോകുന്നത് മാത്രമാണ് ഗോപിക്ക് അല്പം
പേടി ഉണ്ടാക്കുന്ന കാര്യം. എന്തായാലും വെച്ചങ്ങു പിടിപ്പിക്കും, കുറച്ചു ദൂരെ
എത്തുമ്പോളാ ആശ്വാസം അവിടെ ജോസച്ചായന്റെ വീടിന്റെ വെളിയിൽ രാത്രി
ഒരു വെട്ടം ഇട്ടേക്കും. ഇരുട്ടത്ത് കൂടി പോണവർക്കൊരു ആശ്വാസം ആണത്.
വെറുതെ മതിലിന്റെ വെളിയിൽ ബൈബിൾ വചനം എഴുതുന്നതിലും നല്ലതല്ലേ
ഇങ്ങനൊക്കെ ആർക്കേലും ഗുണം ഒള്ള കാര്യം ഒക്കെ ചെയ്യുന്നത്.
മഴ പണി തരുന്ന മട്ടാണ് കാണുന്നത്. കുടയും പിടിച്ചു പത്രം ഇടുന്ന കാര്യം അല്പം
പാടാ, സൈക്ളിന്റെ സീറ്റിന്റെ അടിയിൽ ചുരുട്ടി വെച്ചിരിക്കുന്ന
പ്ലാസ്റ്റിക് കവർ അങ്ങെടുക്കും, അതാണ് നമ്മടെ മഴക്കോട്ട്. പത്രം കൊണ്ട് വരണ
ജീപ്പിന്റെ മുരൾച്ച അങ്ങ് ദൂരെ കേട്ടു, പത്രവിതരണ സഹകരണ സങ്കം പിള്ളേര്‍
എല്ലാം കടത്തിണ്ണയിൽ എത്തിയിട്ടുണ്ട്,
പത്ര കെട്ടുകൾ പുറത്തേക്കെറിഞ്ഞിട്ട് പത്രം കൊണ്ട് വരുന്ന രമേശൻ,
വണ്ടി വേഗം അടുത്ത സ്ഥലത്തേക്ക് വിട്ടു. രാവിലെ ചായയും കുടിച്ചു പത്രം
നോക്കാൻ നേരം മുറ്റത്തും ഗെയ്റ്റിലും ഒക്കെ പത്രം കിട്ടണേൽ രാത്രി മുതൽ
ഇവൻ വരുന്ന കുറച്ചു വഴികൾ ഉണ്ട്. അവിടെ രാത്രി ഉറക്കം ഇല്ലാത്ത കുറെ
മനുഷ്യന്മാരും ഉണ്ട്.
ജങ്ക്ഷനിലെ ഒരു കൊച്ചു പെട്ടി കടയുണ്ട്. അവിടെ കട്ടന്‍ ചായയും എന്തേലും
കടിയും കാണും. അവിടെ ഗോപിടെ കൂട്ടുകാരന്‍ സിബി ചായേം കുടിച്ചു
നില്‍ക്കുന്നു.
ഗോപി അങ്ങോട്ട് ചവിട്ടി . എടാ നിന്റെ ഗള്‍ഫി പോക്കെന്തായി വല്ലോം
നടക്ക്വോ ? ഗോപി ചോദിച്ചു.
“ഇല്ലട അത് ഇറാഖിലേക്കുള്ള വിസായ, പിന്നെ നമുക്ക് പെട്ടെന്ന് കേറി
പോകാനും പറ്റില്ല. അതിനോരുപാട് ചടങ്ങുകളുണ്ട് , നമ്മടെ ജീവിതം
ഇങ്ങനൊക്കെ അങ്ങ് പോകത്തെ ഒള്ലെന്ന്നാ എനിക്ക് തോന്നുന്നത്.
“ നീ ഒന്ന് ചുമ്മാതിരിയട” ഗോപി അവനെ ആശ്വസിപ്പിച്ചു, നമ്മടെ രാജെഷില്ലേ
ഇതുപോലെ കുറെ നടന്നതല്ലേ ? കഴിഞ്ഞ ആഴ്ച അല്ലെ അവന്‍ കേറി പോയത്.
“ആ അടുത്ത ചാന്‍സ് വരും അപ്പോള്‍ നോക്കാം , നിനക്കൊരു ചായ പറയട്ടെ
“ സിബി മറുപടി പറഞ്ഞു
“വേണ്ട ഞാന്‍ കുടിച്ചു. നീ വാ പെട്ടെന്ന് ചെല്ലം ഇന്ന് മഴക്കോളും ഉണ്ട്
“ ഗോപിയും സിബിയും ഒരുമിച്ചു അങ്ങോട്ട് പോയി.
അടുത്തുള്ള ദേവി ക്ഷേത്രത്തില്‍ നിന്നുള പ്രഭാത ഗീതം കേട്ട് തുടങ്ങി,
നാരായണായ നമ നാരായണായ നമ …..
അത് കേട്ടിട്ടാണ് ആ ഗ്രാമം
ഉണരുന്നതെന്ന് തോന്നും അതൊരു വല്ലാത്ത കുളിര്‍മ തന്നെയാണ്.
ഗ്രാമം ഉണര്‍ന്നു വരുന്നതെയുള്ളു, ഉണര്‍ത്താന്‍ സൈകിളില്‍ മണി അടി
ശബ്ദവുമായി കുറെ പത്രം ഇടുന്ന പിള്ളേരും പിന്നാലെ.
കണ്ണും തിരുമ്മി ഗോപി വളരെ വേഗം കെട്ടുകൾ പൊട്ടിച്ചു, എണ്ണം കൃത്യമായി
എടുക്കാന്‍ പത്ര എജന്റ്റ് അച്ചായന്റെ അടുത്തേക്ക് പോയി, ഗോപി തലയും
ചൊറിഞ്ഞു ചോദിച്ചു, അച്ചായാ കഴിഞ്ഞ മാസത്തെ പൈസ കിട്ടിയില്ല,
ഞാന്‍ എവിടുന്നു എടുത്തു തരാനാ ? അച്ചായന്‍ ചോദിച്ചു,
“ഈ ആള്‍കാര് കാശ് തന്നാല്‍ അല്ലെ എന്റെ കയിലും കാശ് വരൂ.
നീ എന്റെ വണ്ടി ഒന്ന് നോക്ക് ആ സൈലന്‍സര്‍ പൊട്ടി ഇരുന്നിട്ട്
ഞാന്‍ കയറു കൊണ്ട് കെട്ടി വെചെക്കുവാ, നീ ഒരു കാര്യം ചെയ്യ് ,
ഒരു പത്ത് മണി ആകുമ്പോ കവലയിലെക്കൊന്നു വാ , അപ്പൊ ആരേലും
തന്നാ നിന്റെ കാശും തന്നേക്കാം.”
ശരി ശരി “ ഇന്നത്തെ കാര്യവും പോക്കായി എന്തായാലും പത്ത് മണിക്കൊന്നു
പോയി നോക്കാം” അതും മനസ്സില്‍ പറഞ്ഞു ഗോപി സൈകില്‍ എടുത്തു.
ഈ പത്രം സൈക്കിളിൽ വെക്കുന്നതും ഒരു കല ആണ്, വളരെ വേഗം
ഓരോന്നായി വലിച്ചെടുക്കാനും, വീശി എറിയാനും പാകത്തിൽ വേണം
മടക്കി വെക്കാൻ. ഗോപിയും തന്റെ പേപ്പറുകൾ സൈക്കിളിൽ അടുക്കി
വെച്ചു
മഴ പണി വെക്കാൻ തുടങ്ങി , വെട്ടം വീണു തുടങ്ങിയാതിനാല്‍ അല്പം
ആശ്വാസം ഒണ്ട്. മഴ തുടങ്ങി ഇനി പണിയാണ് എല്ലാ വീടുകളുടെയും മുന്നിലെ
പത്രം വെക്കാനുള്ള സ്ഥലത്തു നനയാതെ വേണം വെക്കാൻ, അതുകൊണ്ട് നിർത്തി
നിർത്തി വേണം പോകാൻ. കുറെ അധിക സമയം അങ്ങനെ പോകും അല്ലേൽ
ഈ പത്രം അങ്ങോട്ട് മടക്കി വീശി ഒരു ഏറഅങ്ങോട്ട് എറിഞ്ഞാൽ കൃത്യം
വീടിന്റെ വാതിൽ പടിയിൽ പോയി വീഴും അതാണ് പിള്ളേരുടെ ഏറിന്റെ
ഒരു രീതി.
ഓരോ വീടിന്റെ മുന്നിലും ഇറങ്ങി ഗോപി പത്രം നനയാതെ വെച്ച് തുടങ്ങി.
ഒരു പട്ടി പോലും വരുന്നില്ല, അല്ലെങ്കിൽ കുറച്ചോണ്ടു കുറെ കൂറ പട്ടികൾ
ഗെയ്റ്റിന്റെ അവിടെ വന്നു ബഹളം വെക്കാറുണ്ട്. വലിയ വില കൊടുത്തു
വാങ്ങിയ മുറ്റിയ ഐറ്റങ്ങളും ഉണ്ട് അതിൽ. ഗെയ്റ്റിന്റെ മുന്നിൽ രാജാവിനെ
പോലെ ഗോപി നിന്നൊരു ഡയലോഗൊക്കെ അങ്ങ് വിടും. ഊരിപ്പിടിച്ച വാളിന്റെ
മുന്നിൽ ഈ ഈപ്പച്ചൻ പേടിച്ചിട്ടില്ല പിന്നാ നിന്റെ ഒരു കുര.
മഴ കടുത്തു. ശവുമേല്‍ സാറിന്റെ വീടിന്റെ അടുത്ത് വന്നപോഴേക്കും മഴ
വല്ലാതെ കൂടി , പട്ടിയെ അഴിച്ചു കെട്ടിക്കൊണ്ട് സാമുഎല്‍ സാറ് വിളിച്ചു,
ഡാ മോനെ കേറി ഒന്ന് നിന്നിട്ട് പോ, വല്ലാതെ മൂത്ത മഴയാ പോരാത്തതിന് ഇടിയും
വെട്ടുന്നു.
ശരി ആണെന്ന് തോന്നി, കാര്‍ ഷെഡിന്റെ അകതെക്കൊന്നു സൈകിള്‍
കയറ്റി നിര്‍ത്തി. വല്ലാതെ നനഞ്ഞു, കാറ്റ് വന്ന കൊണ്ട് തലയിലെ പ്ലാസ്റിക്
കവറും പറന്നു പോയി അതാ പണിയായത്.
ശവുമേല്‍ സാര്‍ അകതോട്ടു വിളിച്ചു പറഞ്ഞു “ സാറാമ്മേ ഒരു തോര്തിങ്ങോട്ടു
തന്നെ ഈ കൊച്ചന്‍ നനഞ്ഞു നിക്കുവാ” അകത്തു നിന്ന് ഒരു തുണി എറിഞ്ഞു
കൊടുത്തു അകത്തു നിന്നും അമ്മാമ്മ വിളിച്ചു
“ നിങ്ങള്‍ ഇങ്ങോട്ടൊന്നു വന്നെ”
ഗോപിക്ക് തോര്‍ത്തും കൊടുത്തിട്ട് സാര്‍ അകത്തേക്ക് പോയി
ഗോപി, തല തോര്‍ത്തി കഴിഞ്ഞപ്പോളാണ് തോര്‍ത്താന്‍ കിട്ടിയ തുണി
അവന്‍ ശ്രദ്ധിച്ചത്. അരണ്ട വെളിച്ചത്തില്‍ അവനു മനസിലായി തല
തോര്‍ത്താന്‍ തന്നത് സാമുഎല്‍ സാറിന്റെ പഴയ ഏതോ അണ്ടര്‍ വെയര്‍
ആണെന്നുള്ള കാര്യം. എന്തായാലും തല തൊടച്ച് ആ പോട്ടെ, എന്നാലും
അവരെന്തിനാരിക്കും സാറിനെ അകതോട്ടു വിളിച്ചത്, അവന്‍ ചെവി വട്ടം
പിടിചോന്നു നിന്നു.
സാറിന്റെ ഭാര്യക്ക് ഇഷ്ടപ്പെട്ടിട്ടില്ല തന്നെ ഇങ്ങോട്ട് കയറ്റിയത്, അവരുടെ ശബ്ദം
ഗോപി കേട്ടു,
“ദെ മനുഷ്യ കണ്ട അവന്മാരെയൊന്നും കേറ്റി സ്നേഹിക്കാന്‍ നേരം പണ്ട്
ഈ വീട് എന്താരുന്നു എന്നൊക്കെ ഒന്ന് അറിയണം, അവന്റെ തന്തമാരോന്നും
ഈ വീടിന്റെ പടിക്ക് അകത്തേക്ക് കയറാന്‍ ധൈര്യം കാണിച്ചിട്ടില്ല ഇപ്പൊ
വിളിച്ചു കേട്ടിയെക്കുന്നു, അകതോട്ടു, എന്നാലും അവനും ഇങ്ങു കേറി വന്നല്ലോ”
“എടി സാറാമ്മേ നീ ഒന്ന് പതുക്കെ പറ ആ കൊച്ചന്‍ കേള്‍ക്കും “
കൂടുതല്‍ കേള്‍ക്കാന്‍ ഗോപി നിന്നില്ല, ഗോപി ആ വീടിന്റെ അകത്തേക്ക്
ഒന്ന് നോക്കി. സ്നേഹത്തിന്റെ അമ്മ എന്ന് വിശേഷിപ്പിക്കപ്പെടുന്ന
മദര്‍ തെരെസ്സായുടെ ഒരു വലിയ ഫോട്ടോ അവരുടെ ചുമരില്‍ തൂക്കിയത്
അവന്‍ കണ്ടു. ഗോപി പതുക്കെ പുറത്തേക്കു ഇറങ്ങി. അവന്റെ കണ്ണുകള്‍
വല്ലാതെ നിറഞ്ഞു. മഴ ഉള്ള കൊണ്ട് അവന്റെ കണ്ണ് നീര്‍ ആരും അറിഞ്ഞില്ല,
പത്രം ഇട്ടു ഇട്ടു അവന്‍ മുന്നോട്ടു പോയി.
നേരം നാന്നായി വെളുത്തു. കുറച്ചു പത്രം കൂടെ കൊടുക്കാന്‍ ഉണ്ട്.
മനോരമ പത്രം കൂടുതലും വായിക്കുന്നത് ഈ ക്രിസ്ഥിയാനികള്‍ ആണ്,
എല്ലാ ക്രിസ്ഥിയാനികളും ഇവരെ പോലെ ആണോ ? ആ ആര്‍ക്കറിയാം ?
എന്നാല്‍ അവരുടെ ക്രിസ്തു ഇങ്ങനെ അല്ലായിരുന്നു. അതറിയാം. പിന്നെ എന്തിനാ
ജോണ്‍ സാറിന്റെ മതിലില്‍ ദൈവം സ്നേഹം ആണെന്ന് എഴുതി വെചെക്കുന്നത് ?
ഒരുപാട് ചിന്തകള്‍ ആ കൊച്ചു പയ്യന്റെ മനസ്സില്‍ കൂടെ കടന്നു പോയി.
ചള്ളയും വെള്ളവും കൊണ്ട് ഇട വഴികള്‍ എല്ലാം നിറഞ്ഞിരിക്കുന്നു. വെള്ളം
ഒഴുകി പോവാന്‍ ഒരു സൌകര്യവും ഇല്ല. അതിന്റെ ഇടയില്‍ ഭാരവും കേറ്റി ഒരു
ലോറി പോയാ മതി അത്രയും സ്ഥലം കൂട് കുഴിഞ്ഞു പോവാന്‍. എത്ര പ്രാവശ്യം
ആണ് ഇവിടെ വന്നു വീണിട്ടുള്ളത്. ചെറിയ ചാറ്റല്‍ മഴ ഇപ്പോഴും ഉണ്ട്.
പ്രൊഫസര്‍ ജേക്കബ് ചാണ്ടി സാരിന്റെ വീടാണ് ഇനി ഒള്ളത്. ഗയിറ്റിന്റെ
മുന്നില്‍ ഒരു മണി മുഴക്കി ഗോപി നിന്നു. വെള്ളം കിടക്കണ കൊണ്ട് താഴെ
ഇടണ്ട എന്ന് കരുതി, അദ്ദേഹം ഇങ്ങോട്ട് വരുന്നുണ്ട് എന്തായാലും കൊടുത്തിട്ട്
പോവാം.
എന്താ ഇന്ന് താമസിച്ചു പോയല്ലോ, എന്ത് പറ്റി. സാറ് ചോദിച്ചു
മഴയാരുന്നു സാറേ, പിന്നെ ഇവിടം വരെ എത്തണ്ടേ ? റോഡെല്ലാം മുങ്ങി കിടക്കുവാ,
ഗോപി പറഞ്ഞു
ആ അത് ശരിയാ, പിന്നെ ഈ റോഡിന്റെ കാര്യം ഞാന്‍ നമ്മടെ മെമ്പറോഡ്
പറഞ്ഞിട്ടുണ്ട് അടുത്ത ആഴ്ച റെഡി ആക്കും എന്നാ വാക് തന്നെക്കുന്നത്.
ആ ഗോപി ഇങ്ങോട്ട് വന്നെ , ജേക്കബ് സര് വിളിച്ചു.
എത്ര നാളായി, എത്ര വീടുകളില്‍ ഞാന്‍ പത്രം ഇടുന്നു, ആരും എന്റെ പേര്
ഒന്ന് ചോദിച്ചിട്ടില്ല,
എന്തിനാ.. മനുഷ്യന്മാര്‍ക്കൊകെ അവര്‍ക്ക് ആവശ്യം എന്ന് കണ്ടാ മാത്രം
അടുപ്പിക്കും, ആവശ്യം ഇല്ല എങ്കില്‍ ഒരു മൈന്ടും കാണിക്കില്ല. ഒരല്പം
ചിന്തയിലായിപോയ ഗോപിയെ സാര്‍ വീണ്ടും വിളിച്ചു.
അണ്ടര്‍ വെയറിന്റെ ചിന്ത മനസ്സില്‍ കിടക്കണ കൊണ്ട് അങ്ങോട്ട് പോകാന്‍
അല്പം മടി വിചാരിച്ചു നിന്നു. അപ്പോളാണ് അവരുടെ ഭാര്യ പുറത്തു വന്നു വിളിച്ചു,
മക്കളെ ഇങ്ങു വന്നിട്ട് പോകു, അവരും സര്‍ക്കാര്‍ ഉദ്യോഗസ്ഥ ആണ്. പുറത്തുള്ള
ആള്‍ക്കരോടൊക്കെ സഹകരിക്കുന്ന കൊണ്ടായിരിക്കണം അല്പം മനുഷ്യത്വം
ഒക്കെ കാണിക്കുന്നത്.
എന്തായാലും ഗോപി സൈകില്‍ സ്റ്റാന്‍ഡില്‍ വെച്ചിട്ട് വീടിന്റെ അടുത്തേക്ക് ചെന്നു.
വാ മക്കളെ കേറി വാ… ഒരു അമ്മയുടെ വാത്സല്യത്തോടെ സാറിന്റെ ഭാര്യ
അകത്തേക്ക് ക്ഷണിച്ചു.
ഇല്ല ഞാന്‍ അല്പം നനഞ്ഞിട്ടാ ഇരിക്കുന്നത്. അകതോട്ടു വരുന്നില്ല. ഗോപി പറഞ്ഞു.
കേറി വാടാ , അതൊന്നും സാരമില്ല, ജേകബ് സാറ് പറഞ്ഞു. ഇന്ന് നിനക്കറിയാമോ
പെസഹായുടെ പ്രാര്‍ത്ഥന ഒക്കെ ആണ് വന്നു ഞങ്ങടെ രണ്ടു അപ്പം ഒക്കെ ഒന്ന്നു
കഴിച്ചിട്ട് പോ
ഗോപിക്കവര്‍ തോര്‍ത്താന്‍ നല്ല ഒന്നാം തരം തുവര്‍ത്തു കൊടുത്തു. അവരുടെ
കൂടെ ഊണ് മുറിയിലെക്കവര്‍ അവനെ കൊണ്ട് വന്നു. ഗോപിക്കവിടം സ്വര്‍ഗം
ആയി തോന്നി മാലാഖമാരെ പോലെ ഉള്ള അവരുടെ കുട്ടികളുടെ ചിരി അവനിലെ
സങ്കടങ്ങളെ എല്ലാം ഒഴുക്കി മാറ്റി. അവര്‍ക്കൊരു മതില്‍ ഇല്ലായിരുന്നു. അവിടെ
എഴുതാന്‍ ഉള്ള വരികള്‍ ഒക്കെ അവരിലൂടെ എഴുതി വെച്ചത് അവനു വായിക്കാന്‍
കഴിയുമായിരുന്നു. ദൈവം സ്നേഹം ആകുന്നു .
ഇറങ്ങാന്‍ നേരം നല്ല ഭക്ഷണത്തിന് നന്ദിയും പറഞ്ഞു ഗോപി അവരോടു യാത്ര
പറഞ്ഞു. പോകാന്‍ നേരം ഗോതമ്പ് പൊടിക്ക് പകരം ഹോട്ടലില്‍ നിന്ന് ഗോപി ഒരു
നല്ല അപ്പവും കോഴി കറിയും വാങ്ങി അമ്മക്ക് കൊടുക്കാന്‍. അതിനുള്ള ഒരു
ചെറിയ തുകയും ജേക്കബ് സാര്‍ അവനു കൊടുത്തിരുന്നു…
( തുടരണോ .........
Comments
Post a Comment